ദൗത്യവും ദര്‍ശനവും

ആരോഗ്യ രംഗത്ത് വികസിത രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയിലുള്ള നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിയ്ക്കുന്നതിനുള്ള സുചികകളിലും കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നു. ജനന നിരക്കിലും മരണ നിരക്കിലുമുള്ള കുറവ്, കുടംബാസൂത്രണമാര്‍ഗ്ഗങ്ങള്‍ക്ക് കേരളീയ സമൂഹത്തിലുള്ള സ്വീകാര്യത, ഉയര്‍ന്ന ജീവിത ദൈര്‍ഘ്യം എന്നീ മാനവ വികസന സൂചികകളിലെ നേട്ടവും കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നു.

ഈ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും പുതിയതായി ഉദയം ചെയ്യുന്നതും ഒരിക്കല്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത് ഇപ്പോള്‍ തിരികെയെത്തിയിരിക്കുന്നതുമായ രോഗങ്ങള്‍ നമ്മുടെ സംസ്ഥാനത്തെ ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളിയാണ്. ഇവ ഇല്ലായ്മ ചെയ്യുന്നതിനായി വിവിധ മേഖലയിലുള്ള വിദഗ്ധരുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ഹെപ്പറ്റൈറ്റിസ്, കുഷ്ഠരോഗം, മന്തുരോഗം, മലമ്പനി, ക്ഷയം, എയ്ഡ്‌സ് മുതലായ രോഗങ്ങള്‍ നേരിടുന്നതിനായി കേരളം പ്രത്യേക ലക്ഷ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന മുന്നോട്ടു വെച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ ഏഴ് ഉപലക്ഷ്യങ്ങള്‍ക്ക് പുറമേ ദന്താരോഗ്യം, നേത്രാരോഗ്യം, സാന്ത്വന പരിചരണം എന്നീ മേഖലകളിലായി കേരളം എട്ട് ഉപലക്ഷ്യങ്ങള്‍ കൂടി കൈവരിയ്ക്കുന്നതിനായി തീരുമാനിച്ചിട്ടുണ്ട്.

ജനസൗഹൃദ ആശുപത്രികള്‍ എന്ന ലക്ഷ്യത്തോടു കൂടി ആരംഭിച്ച ‘ആര്‍ദ്രം’ പദ്ധതി ആരോഗ്യ രംഗത്തെ എല്ലാ മേഖലകളിലും ഗുണമേന്മയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായകരമായി. ഈ പദ്ധിതയുടെ ഭാഗമായി ഘട്ടം ഘട്ടമായി എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും, കുടുംബ കേന്ദ്രീകൃത ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനും ലക്ഷ്യമിടുന്നു.

എല്ലാവര്‍ക്കും സ്വീകാര്യവും പ്രാപ്യപവും ഗൂണമേന്മയുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന സംസ്ഥാനമായി മാറുക എന്നതാണ് വീക്ഷണം. രോഗപ്രതിരോധം, പകര്‍ച്ചവ്യാധികളുടെയും പകര്‍ച്ചേതരവ്യാധികളുടെയും ജീവിതശൈലീ രോഗങ്ങളുടെയും നിയന്ത്രണം, ദുരിതാശ്വാസ പ്രവര്‍ത്തനം, മലിനമല്ലാത്ത അന്തരീക്ഷം പ്രദാനം ചെയ്യല്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ദേശീയ ആരോഗ്യ പരിപാടികള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമായ സേവനങ്ങളെക്കുറിച്ച് അവരില്‍ അവബോധം സൃഷ്ടിക്കുകയും ആ സേവനങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള മനസ്ഥിതി വളര്‍ത്തിയെടുക്കുകയും ചെയ്യുുക എന്നതാണ് ദൗത്യം. സാമൂഹ്യ നീതി വകുപ്പുകളുടെ സമന്വയം, പൊതുജന പങ്കാളിത്തം എന്നിവയിലൂടെ പ്രഥമികാരോഗ്യ രംഗത്ത് ഇടപെടലുകള്‍ നടത്തി ഈ ലക്ഷ്യങ്ങള്‍ കൈവരിയ്ക്കുന്നതിനാണ് ആരോഗ്യ വകുപ്പ് പ്രയന്തിയ്ക്കുന്നത്.