News & Highlights

വയനാട്  ഉദ്ഘാടനം നിര്‍വഹിച്ച സുപ്രധാന പദ്ധതിയാണ് നല്ലൂര്‍നാട് ജില്ലാ കാൻസർ കേന്ദ്രത്തിലെ സിടി സിമുലേറ്റര്‍. ഗോത്ര വർഗ മേഖലയിലെ സ്പെഷാലിറ്റി കാൻസർ കേന്ദ്രമായ നല്ലൂർനാട് ആശുപത്രിയിൽ നിലവില്‍ നല്‍കി വരുന്ന റേഡിയേഷൻ ചികിത്സയ്ക്ക് ഇനി കൂടുതൽ കൃത്യതയേകാൻ സാധിക്കും. പ്രതിവര്‍ഷം അയ്യായിരത്തോളം പേര്‍ക്കാണ് നല്ലൂര്‍നാട് ആശുപത്രിയില്‍ കീമോതെറാപ്പി നല്‍കി വരുന്നത്, അറുനൂറോളം പേരാണ് റേഡിയേഷൻ എടുക്കുന്നത്. ഇവരില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവർ തന്നെ വരും നൂറ്റമ്പതോളം പേര്‍. ഗോത്രവര്‍ഗ മേഖലയായ നല്ലൂര്‍നാട് ഇതുപോലൊരു പദ്ധതി 7 കോടി മുതൽ മുടക്കിൽ വയനാട് വികസന പാക്കേജിൽ ഉള്‍പ്പെടുത്തി യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ഈ സംവിധാനത്തിന്റെ വരവോടെ, വിദൂര സ്ഥലങ്ങളിലേക്ക് ചികിത്സയ്ക്കായി പോകേണ്ടി വരുന്ന രോഗികളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ സാധിക്കും. വയനാട്ടിലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഗോത്രവർഗ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും പ്രത്യേക ശ്രദ്ധ നൽകി വരുന്നു.

Photos

 

എഎംആര്‍ പ്രതിരോധം കേരളം മാതൃകയെന്ന് സിഎസ്ഇ റിപ്പോര്‍ട്ട്

സംസ്ഥാനത്തിന്റെ എഎംആര്‍ പ്രതിരോധം ലോകോത്തര നിലവാരത്തില്‍

തിരുവനന്തപുരം: ആന്റിബയോട്ടിക്ക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) റിപ്പോര്‍ട്ട്. സിഎസ്ഇ പുറത്തിറക്കിയ ഇന്ത്യയുടെ പാരിസ്ഥിതിക തല്‍സ്ഥിതി 2025 റിപ്പോര്‍ട്ടിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഈ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്നും ലോകോത്തര നിലവാരം പുലര്‍ത്തുന്നുവെന്നുമുള്ള വിലയിരുത്തല്‍. കേരളം എ.എം.ആര്‍. പ്രതിരോധത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര ശ്രദ്ധ നേടുന്നത് അഭിമാനകരമാണ്‌.

രോഗാണുക്കള്‍ ആന്റിബയോട്ടിക് മരുന്നുകളെ അതിജീവിക്കുന്ന ആഗോള ഭീഷണി മുന്നില്‍ കണ്ട് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍.) രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും രാജ്യമെമ്പാടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്നും റിപ്പോര്‍ട്ട് പുറത്തിറക്കിയ സിഎസ്ഇ മേധാവി സുനിതാ നാരായണ്‍ അഭിപ്രായപ്പെട്ടിരുന്നു. ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകാത്ത അണുബാധകള്‍ കാരണം ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളാണ് വര്‍ഷംതോറും മരണമടഞ്ഞുകൊണ്ടിരിക്കുന്നത്. ഈ ഭീഷണി ഇനിയുള്ള വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചു വരും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

എഎംആറിനെ പ്രതിരോധിക്കാന്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തുന്നത്. നമ്മുടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ അണുബാധകളുമായി എത്തിച്ചേരുന്നവരില്‍ എത്ര തോതില്‍ ആന്റിബയോട്ടിക് അതിജീവന ഭീഷണിയുണ്ട് എന്ന് നാം തുടര്‍ച്ചയായി വിലയിരുത്തിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ആന്റിബയോട്ടിക് സ്റ്റുവര്‍ഡ്ഷിപ്പ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആന്റി മൈക്രോബിയല്‍ അതിജീവനം ഉയര്‍ത്താന്‍ സാധ്യതയുള്ള ആന്റിബയോട്ടിക്കുകള്‍ (റിസര്‍വ്) അങ്ങനെ അല്ലാത്ത ആന്റിബയോട്ടിക്കുകള്‍ (ആക്‌സസ്, വാച്ച്) പരാജയപ്പെടുന്ന ഘട്ടത്തില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യവും നാം ആശുപത്രികളില്‍ ഉറപ്പാക്കുന്നുണ്ട്. അതോടൊപ്പം ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും ഏതാണ്ട് പൂര്‍ണമായി നടപ്പാക്കാന്‍ നമുക്ക് കഴിഞ്ഞു. ഇതിന്റെ ഫലമായി കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി എന്നുമാത്രമല്ല ഉപയോഗിക്കപ്പെടുന്നത് തന്നെ താരതമ്യേന ഭീഷണി കുറഞ്ഞ ആന്റിബയോട്ടിക്കുകളാണ് എന്ന് ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്.

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മാത്രമല്ല എല്ലാ പഞ്ചായത്തുകളേയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നിലവില്‍ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇത് മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കുന്നത് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന ആഗോള ഭീഷണിയെ അഭിമുഖീകരിക്കാന്‍ രാജ്യത്തെ കൂടുതല്‍ പ്രാപ്തമാക്കുമെന്ന് സിഎസ്‌സി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കാരണം രോഗാണുക്കള്‍ മരുന്നിന് മേലെ ആര്‍ജിക്കുന്ന പ്രതിരോധത്തെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നതിന് ജനകീയ ബോധവത്ക്കരണത്തിനും കേരളം തുടക്കമിട്ടു. സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തുന്നത്. ഇതിലൂടെ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ എഎംആര്‍ നിരീക്ഷണ ശൃംഖലയായ കാര്‍സ്‌നെറ്റ് (കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ആണ് സംസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും വലിയ എഎംആര്‍ നെറ്റുവര്‍ക്ക്. 59 ത്രിതീയ ആശുപത്രികളില്‍ നിന്നും 100ലധികം സ്‌പോക്ക് ആശുപത്രിയില്‍ നിന്നും എഎംആര്‍ സംബന്ധിച്ച വിവരങ്ങള്‍ കാര്‍സ്‌നെറ്റിലൂടെ നമ്മള്‍ ക്രോഡീകരിക്കുന്നുണ്ട്. ദ്വിതീയ തലത്തിലേയും പ്രാഥമിക തലത്തിലേയും എഎംആര്‍ സര്‍വൈലന്‍സ് നടത്തുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം.

Photos

216 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.

തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4 ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 216 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ആരോഗ്യ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ച്ചയായി നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് കേന്ദ്രം ഉയര്‍ത്തുന്നത്. കൂടുതല്‍ ആശുപത്രികളെ എന്‍.ക്യു.എ.എസ്. നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

പത്തനംതിട്ട ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രം 93.02 ശതമാനം സ്‌കോറും, പത്തനംതിട്ട വടശ്ശേരിക്കര കുടുംബാരോഗ്യ കേന്ദ്രം 90.75 ശതമാനം സ്‌കോറും, തൃശൂര്‍ നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രം 97.24 ശതമാനം സ്‌കോറും, വയനാട് ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രം 87.84 ശതമാനം സ്‌കോറും നേടിയാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം കരസ്ഥമാക്കിയത്. തിരുവനന്തപുരം കള്ളിക്കാട് ന്യൂ കുടുംബാരോഗ്യ കേന്ദ്രം 93.52 ശതമാനം സ്‌കോര്‍ നേടി മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും അംഗീകാരം നേടിയെടുത്തു.

സംസ്ഥാനത്തെ 5 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 43 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, 148 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന എഫ്.എച്ച്.സി./ യൂ.പി.എച്ച്.സികള്‍ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

PHOTOS